2011, മാർച്ച് 4, വെള്ളിയാഴ്‌ച

തെരഞ്ഞെടുപ്പ് ഏപ്രില്‍ 13


കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 13 ന്. നോട്ടിഫിക്കേഷന്‍ മാര്‍ച്ച് 19 ന് പുറത്തിറക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടെണ്ണല്‍ മെയ് 13 ന്. കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റഘട്ടമായി ഏപ്രില്‍ 13ന് തിരഞ്ഞെടുപ്പ് നടത്തും. വോട്ടെണ്ണല്‍ മെയ് 13നാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 19ന് പുറപ്പെടുവിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിനുപുറമെ തമിഴ്‌നാട്, അസം, പശ്ചിമബംഗാള്‍, പുതുച്ചേരി, എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

പശ്ചിമബംഗാളില്‍ ആറുഘട്ടങ്ങളിലായി, ഏപ്രില്‍ 18, 23, 27, മെയ് 1, 7,10 തിയതികളില്‍ തിരഞ്ഞെടുപ്പ് നടക്കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ 13നും അസമില്‍ രണ്ട് ഘട്ടങ്ങളിലായി ഏപ്രില്‍ 4നും 11നും തിരഞ്ഞെടുപ്പ് നടക്കും.

കേരളത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 26 ആയിരിക്കും. സൂക്ഷ്മ പരിശോധന മാര്‍ച്ച് 28നാണ്. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 30ആണ്. വോട്ടര്‍മാരുടെ ഫോട്ടോ പതിച്ച വോട്ടിങ് സ്ലിപ്പ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വിതരണം ചെയ്യും. നിലവില്‍ സ്ലിപ്പ് വിതരണം ചെയ്തിരുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്.

കേളത്തില്‍ 20,700 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 2.56 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ വീഡിയോ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍ക്കാന്‍ കോള്‍ സെന്റര്‍ (ടോള്‍ ഫ്രീ നമ്പര്‍ 1965) സംവിധാനവും ഇത്തവണ ഏര്‍പ്പെടുത്തുന്നുണ്ട്. ശാരീരിക വൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

സ്ഥാനാര്‍ത്ഥികളുടെ ഓരോ ദിവസത്തെയും തിരഞ്ഞെടുപ്പ് പ്രചാരണ ചെലവ് കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.